മുസ്ലിം യുവാവിനെ വിവാഹം കഴിച്ച തെന്നിന്ത്യന്‍ നടി പ്രിയാമണി മതംമാറ്റവിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. ‘ടൈംസ് ഓഫ് ഇന്ത്യക്ക്’ നല്‍കിയ അഭിമുഖത്തില്‍ താന്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യില്ലെന്ന് പ്രിയാമണി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് മുസ്തഫ രാജുമായി പ്രിയാമണിയുടെ വിവാഹം കഴിഞ്ഞത്. സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരമായിരുന്നു വിവാഹം.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചത്. വിവാഹവാര്‍ത്ത പുറത്തുവന്നതോടെ പ്രിയാമണിക്കുനേരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുന്നതോടെ മതപരിവര്‍ത്തനം നടത്തുമെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇതിന് മറുപടിയായി പ്രിയാമണി രംഗത്തെത്തുകയായിരുന്നു. ഒരു നടിയുടെ സന്തോഷങ്ങളില്‍ പങ്കുചേരാന്‍ കഴിയാത്ത ആളുകള്‍ക്ക് അവരെ വിമര്‍ശിക്കാനുള്ള അവകാശവും ഇല്ലെന്ന് പ്രിയാമണി പറഞ്ഞു.
‘യഥാര്‍ത്ഥത്തില്‍ എനിക്കെന്റെ മാതാപിതാക്കളോടും മുസ്തഫയോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും മാത്രമേ മറുപടി പറയേണ്ടതുള്ളൂ. മറ്റാര്‍ക്കും മറുപടി നല്‍കേണ്ട ആവശ്യം എനിക്കില്ല. എനിക്കിഷ്ടമുള്ളത് ഞാന്‍ എനിക്ക് തോന്നുമ്പോള്‍ ചെയ്യും. ഞാന്‍ ഹിന്ദുസമുദായത്തിലാണ് വളര്‍ന്നത്് മുസ്തഫ മുസ്ലിം ആയും. ഞാന്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുമെന്നാണ് വിമര്‍ശകരുടെ വിചാരം പക്ഷെ അതിന്റെ ആവശ്യമില്ല. അതിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ഉള്ളത്. ഞങ്ങള്‍ രണ്ടു പേരും മറ്റേയാളുടെ ആചാരങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ ഞാനെന്റെ മതം മാറാന്‍ പോകുന്നില്ല. ഇത് ഞാന്‍ മുസ്തഫയുമായും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായും പണ്ടേ സംസാരിച്ചിട്ടുള്ളതാണ്. അവര്‍ക്ക് അതിന് പണ്ടേ സമ്മതവുമായിരുന്നു. ‘ പ്രിയാ മണി പറഞ്ഞു. തെന്നിന്ത്യന്‍ താരങ്ങളെ വിമര്‍ശിക്കുന്നതും ട്രോളുന്നതും ഒരു തരം പ്രവണതയാണ്. വ്യത്യസ്ഥ മതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നവരുണ്ടായിരുന്നിട്ടും ബോളിവുഡ് താരങ്ങളെ ആരും ട്രോളാറില്ലെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.
വിവാഹശേഷവും സിനിമയില്‍ സജീവമാണ് പ്രിയാമണി. കന്നട ചിത്രം ധ്വജയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.