കസബ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടി പാര്‍വ്വതി. മമ്മുട്ടിയോട് വ്യക്തിപരമായി ഒരു വിരോധവും തനിക്കില്ലെന്ന് പാര്‍വ്വതി പറഞ്ഞു.
‘എന്റെ പ്രസംഗത്തെ പലരും മമ്മൂട്ടിക്കെതിരെ എന്നാണ് തലക്കെട്ടായി നല്‍കിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് നല്‍കിയത്. എന്നെ ആക്രമിച്ചവര്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണമായും വായിച്ചിട്ടില്ല. തലക്കെട്ട് മാത്രം വായിച്ചാണ് അവര്‍ എനിക്കെതിരെ തിരിഞ്ഞത്. എനിക്കെതിരെ സംസാരിച്ച സിനിമയ്ക്കുള്ളിലുള്ളവര്‍ പോലും ആ വീഡിയോ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില്‍ മമ്മൂട്ടിയെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് മനസ്സിലാകുമായിരുന്നു.’പാര്‍വ്വതി പറയുന്നു.
ഒരാള്‍ക്ക് ഏത് കഥാപാത്രവുമാവാം. അവര്‍ ലൈംഗിക പീഡനം നടത്തുന്നവരും സ്ത്രീവിരുദ്ധരുമാവാം. എന്നാല്‍ അയാളുടെ സ്ത്രീവിരുദ്ധത മോശം കാര്യമാണോ അതോ നല്ല കാര്യമാണോ ചിത്രീകരിക്കുന്നത് എന്നാണ് പ്രശ്‌നം. എന്ത് സിനിമാറ്റിക് വ്യാകരണമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ്. സ്ത്രീവിരുദ്ധനായ ഒരു പുരുഷനെ കാണിച്ച് നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തെ കാണിക്കാം. എന്നാല്‍ അതിനെ ഒരു നല്ല പ്രകൃതമല്ലെന്നും നിങ്ങള്‍ക്ക് കാണിക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
കസബ ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പറഞ്ഞപ്പോഴാണ് പാര്‍വ്വതിക്കെതിരെ വിമര്‍ശനമുണ്ടാവുന്നത്. മമ്മുട്ടി ആരാധകരുള്‍പ്പെടെ നടത്തിയ വിമര്‍ശനങ്ങളില്‍ കഴിഞ്ഞ ദിവസം പ്രതികരണവുമായി മമ്മുട്ടി തന്നെ രംഗത്തെത്തിയിരുന്നു. തനിക്കുവേണ്ടി പ്രതികരിക്കാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു മമ്മുട്ടിയുടെ പ്രതികരണം.