കൊച്ചി: ‘അമ്മ’ വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ വിദേശത്തായിരുന്ന നടി മഞ്ജുവാര്യര്‍ തിരിച്ചെത്തി. യുഎസ്, കാനഡ യാത്രകള്‍ക്കുശേഷമാണ് മഞ്ജു വാര്യയര്‍ തിരിച്ചെത്തിയിരിക്കുന്നത്. എന്നാല്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തല്‍ക്കാലം പ്രതികരിക്കില്ലെന്നാണ് വിവരം. വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍നിന്ന് (ഡബ്ല്യു.സി.സി) മഞ്ജു രാജിവെച്ചിട്ടില്ലെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പടുന്നതുവരെ പരസ്യപ്രതികരണത്തിനില്ലെന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവെച്ചിരുന്നു. നടിമാരായ റിമകല്ലിങ്കല്‍, ഭാവന, രമ്യ നമ്പീശന്‍, ഗീതുമോഹന്‍ദാസ് എന്നിവരാണ് രാജിവെച്ചത്. എന്നാല്‍ മഞ്ജുവാര്യര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നില്ല. ഡബ്ല്യു.സി.സിയിലെ മറ്റ് അംഗങ്ങളുമായി മഞ്ജു ഭിന്നതയിലാണെന്നും തുടര്‍ന്ന് സംഘടനയില്‍നിന്നു രാജിവെച്ച ശേഷമാണു യു.എസിലേക്കു പോയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മഞ്ജു ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെച്ചിട്ടില്ലെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യു.എസിലും കാനഡയിലും പുരസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത മഞ്ജു പിന്നീട് സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടുമൊത്തു കാനഡയില്‍ ഒഴിവുകാലം ചെലവഴിച്ചശേഷമാണു മടങ്ങിയത്.