കോട്ടയം: സിനിമയിലെ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂ.സി.സി) പിളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. സംഘടനയില്‍ നിന്നും നടി മഞ്ജുവാര്യര്‍ രാജിവച്ചതായാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ രാജിക്കത്ത് ഇ-മെയില്‍ വഴി അയച്ച ശേഷം മഞ്ജു വിദേശത്തേക്ക് പോയി. എന്നാല്‍ ഇക്കാര്യം മഞ്ജുവാര്യരോ ഡബ്ല്യൂ.സി.സിയോ സ്ഥിരീകരിച്ചിട്ടില്ല.
കുറച്ചുകാലമായി മഞ്ജു ഡബ്ല്യൂ.സി.സിയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നുവെന്നും അഭിപ്രായ ഭിന്നകളാണ് രാജിയിലേക്ക് നയിച്ചതെന്നുമാണ് വിവരം. ഡബ്ല്യൂ.സി.സിയുടെ കഴിഞ്ഞ യോഗങ്ങളില്‍ മഞ്ജു തന്റെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് സംഘടനയുമായി നടിയുടെ ബന്ധം മോശമായതെന്നും പറയപ്പെടുന്നു. എന്നാല്‍ സംഘടനയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് സംവിധായിക വിധു വിന്‍സന്റ് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ലുസിസിയില്‍ അംഗമായ നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയും രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. അമ്മയില്‍ അംഗത്വമുള്ള രണ്ടു നടിമാരോട് കൂടി ഡബ്ല്യൂസിസി രാജിക്ക് ആവശ്യപ്പെട്ടുവെന്നും ഇവര്‍ വഴങ്ങിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സമ്മര്‍ദ്ദതന്ത്രം എന്ന നിലയില്‍ രാജിക്ക് മുന്‍പ് ഡബ്ല്യൂസിസി അംഗങ്ങള്‍ അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാലിനെ കണ്ടിരുന്നുവെന്നാണ് സൂചന. എന്നാല്‍ രാജി സമ്മര്‍ദ്ദത്തെ അമ്മ ഗൗരവത്തില്‍ കണക്കിലെടുക്കാതെ വന്നതോടെ സമ്മര്‍ദ്ദതന്ത്രം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് നാല് നടിമാര്‍ രാജിവെച്ചത്.