X

ഡബ്ല്യു.സി.സിയിലെ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യര്‍

ആലപ്പുഴ: സിനിമയിലെ വനിതാ സംഘടന ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി നടി മഞ്ജുവാര്യര്‍. നിലപാട് തനിക്ക് എന്നും ഒന്നേയുള്ളുവെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടി ഇതുവരേയും പ്രതികരിച്ചിരുന്നില്ല. രാജിവെച്ചുവെന്നും ഇല്ലെന്നുമുള്ള പ്രചാരണങ്ങള്‍ക്കിടയിലാണ് താരത്തിന്റെ പ്രതികരണം.

അവളോടൊപ്പം തന്നെയാണ്. എന്നും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചില്ലെങ്കിലും അത് അവള്‍ക്കറിയാമെന്നും മഞ്ജു പറഞ്ഞു. ഹാഷ്ടാഗുകള്‍ക്കും ലൈക്കുകള്‍ക്കും അപ്പുറമുള്ള ബന്ധമാണ് ആക്രമിക്കപ്പെട്ട നടിയുമായുള്ളത് എന്നും അവര്‍ വ്യക്തമാക്കി.

ഓരോ സമയത്തും സ്വീകരിക്കേണ്ട നിലപാട് എടുത്തിട്ടുണ്ടെന്നും വ്യക്തിബന്ധങ്ങള്‍ക്ക് സംഘടനയോ നിയമാവലിയോ തടസ്സമാകാറില്ലെന്നും മഞ്ജു പറഞ്ഞു. വിവാദങ്ങളും ചര്‍ച്ചകളും വരികയും പോവുകയും ചെയ്യും. എന്നാല്‍ അതുമായൊന്നും ഇതിനെ കൂട്ടിക്കുഴക്കേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഘടനയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ ഇനി വിശദീകരിക്കാന്‍ താന്‍ തയ്യാറല്ല. പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞു കഴിഞ്ഞതാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ മറുപടി നല്‍കി. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ലൂസിഫറാണ് മഞ്ജുവിന്റെ തിയേറ്ററിലെത്താനുള്ള ചിത്രം.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടന അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു നടിമാരായ റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവര്‍ രാജിവെച്ചത്. മഞ്ജുവാര്യര്‍ രാജിവെച്ചിട്ടില്ലെന്നത് ചര്‍ച്ചയായെങ്കിലും സംഭവത്തില്‍ താരത്തിന്റെ പ്രതികരണം പുറത്തുവന്നിരുന്നില്ല.

chandrika: