ചെന്നൈ: ബിജെപി നേതാവ് നടി ഖുശ്ബു അറസ്റ്റില്‍. ചിദംബരത്ത് സമരത്തിന് പോവുന്നതിനിടെയാണ് അറസ്റ്റ്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. മനുസ്മൃതിക്കെതിരെ തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവ് നടത്തിയ പ്രസ്താവനക്കെതിരെയാണ് ബിജെപി സമരം നടത്തുന്നത്.
വിടുതലൈ ചിരുതഗള്‍ കക്ഷി (വിസികെ) നേതാവ് തോല്‍ തിരുംവാലന്‍ മനുസ്മൃതിയെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് ബിജെപി വിവാദമാക്കിയത്. മനു സ്ത്രീകളെ ലൈംഗിക തൊഴിലാളികളായി മാത്രമാണ് കാണുന്നതെന്നും മനുസ്മൃതി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഖുശ്ബുവിനെ മുന്നില്‍ നിര്‍ത്തി തമിഴകത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ന് തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ചരിത്രത്തില്‍ ഒരിക്കലും ബിജെപിയുടെ രാഷ്ട്രീയത്തിന് തമിഴകത്ത് കാലുകുത്താന്‍ കഴിഞ്ഞിട്ടില്ല. ഖുശ്ബുവിന്റെ താരപദവി ഉപയോഗപ്പെടുത്തി ഇത് മറികടക്കാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.