ചെന്നൈ: സിനിമാതാരം കാവേരി വിവാഹമോചിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ കാവേരിയും ഭര്‍ത്താവ് സൂര്യകിരരണും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന് കേട്ടിരുന്നുവെങ്കിലും വാര്‍ത്ത സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. സൂര്യ കിരണ്‍ തന്നെയാണ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്. കാവേരി തന്നെ ഉപേക്ഷിച്ചുപോയതാണെന്നും തനിക്ക് ഇപ്പോഴും അവളെ ഇഷ്ടമാണ് എന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മലയാളികളുടെ പഴയകാല ഇഷ്ട നായികയാണ് കാവേരി.
പുതിയ തെലുങ്ക് ബിഗ് ബോസില്‍ സൂര്യ കിരണും പങ്കെടുത്തിരുന്നു. നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ 4ല്‍ നിന്നും ആദ്യവാരത്തില്‍ തന്നെ എലിമിനേറ്റായി. അതിന് പിന്നാലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ‘അതെ, അവള്‍ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാന്‍ ഇപ്പോഴും അവളെ സ്‌നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള്‍ കാരണമായി പറഞ്ഞത്.’ സൂര്യ കിരണ്‍ പറഞ്ഞു.
വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. മാസ്റ്റര്‍ സുരേഷ് എന്ന പേരില്‍ മലയാള സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള സൂര്യകിരണ്‍ പിന്നീട് സംവിധാനത്തിലേക്ക് കടക്കുകയായിരുന്നു. ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്ന് നേരത്തേയും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.