‘അമ്മയെ മോശക്കാരിയാക്കി, എന്നെ മനോരോഗിയാക്കി’; തുറന്നടിച്ച് നടി കനക
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ തിളങ്ങി നിന്ന് നടിയാണ് കനക. തനത് അഭിനയത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരം പക്ഷേ കുറെ നാളായി സിനിമാലോകത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇതിനു ശേഷം കനകക്കു അര്‍ബുദമാണെന്നും മനോരോഗിയാണെന്നും തുടങ്ങി മരിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ വരെ പുറത്തുവന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ക്കു പിന്നിലെ സത്യം വ്യക്തമാക്കി താരം തന്നെ രംഗത്തുവന്നിരിക്കുകയാണ്. തനിക്കെതിരെ പുറത്തുവന്ന വാര്‍ത്തകള്‍ അച്ഛന്‍ ദേവദാസ് പടച്ചുവിടുന്നതാണെന്ന് കനക പറഞ്ഞു.
തന്നെയും തന്റെ അമ്മയെയും കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ചത് അച്ഛനാണെന്ന് കനക പറഞ്ഞു. അമ്മക്കൊപ്പം നിന്നതിന്റെ പേരിലാണ് അച്ഛന്‍ ഇല്ലാക്കഥ പറഞ്ഞുണ്ടാക്കിയത്. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനക ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ അച്ഛനെ അനുസരിക്കാത്തതും ബഹുമാനിക്കാത്തതും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കാത്തതുമാണ് എനിക്ക് മനോരോഗമാണെന്ന് അദ്ദേഹം പറഞ്ഞത്. മനോരോഗമാണെന്നു മാത്രമല്ല അമ്മയുടേത് പോലെ ഒപ്പിട്ട് വില്‍പ്പത്രം തയാറാക്കിയെന്നു വരെ പറഞ്ഞു. ഞാന്‍ മയക്കുമരുന്നിന് അടിമയാണെന്നും അദ്ദേഹം പറഞ്ഞു പരത്തി. അമ്മ മോശക്കാരിയാണെന്ന് പറഞ്ഞ വ്യക്തിയാണ് അച്ഛന്‍. താലിക്കെട്ടിയ പെണ്ണിനെ മോശക്കാരിയായി ചിത്രീകരിച്ച ഒരാള്‍ മകള്‍് മനോരോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പറയുന്നതില്‍ പുതുമയില്ല. ഇപ്പോള്‍ അച്ഛനോട് സംസാരിക്കാറില്ല. നടിയായിരുന്ന അമ്മയെ വിവാഹം ചെയ്തതിനു ശേഷമാണ് അച്ഛന്‍ സംവിധായകനായത്. പത്ത് സിനിമകള്‍ പോലും അച്ഛന്‍ സംവിധാനം ചെയ്തിട്ടില്ല.
ഒരേയൊരു മകളായിരുന്നതിനാല്‍ അമ്മയുമായി വളരെ അടുപ്പത്തിലായിരുന്നു ഞാന്‍. അമ്മ മരിക്കുമ്പോള്‍ എനിക്ക് 21 വയസാണ്. ആ പ്രായം വരെയും അമ്മ എന്നെ നന്നായാണ് നോക്കിയത്. അമ്മയെക്കുറിച്ച് മോശമായി ആര് പറഞ്ഞാലും അത് ദൈവം പറഞ്ഞാല്‍ പോലും ഞാന്‍ പൊറുക്കില്ല’; കനക പറഞ്ഞു.
ആലപ്പുഴ കാന്‍സര്‍ സെന്ററില്‍ തന്നെ കണ്ടുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത് എങ്ങനെയെന്ന് അറിയില്ല. തനിക്ക് അത്തരത്തിലൊരു രോഗമുണ്ടായിട്ടില്ലെന്നും നടി പറഞ്ഞു.