കൊച്ചി: ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ കലൂരിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു. ഇന്നലെ രാത്രി 11.30നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പറന്നത്. കേസില്‍ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് അയച്ചേക്കുമെന്ന വാര്‍ത്തകള്‍വന്നതോടെയാണ് ഇവര്‍ അമേരിക്കയിലേക്ക് മടങ്ങിയത്. സംഘാടകരെ പൂര്‍ണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കുന്നതിനായി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ മെഗാ ഭരതനാട്യം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വി.ഐ.പി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എക്ക് ഗുരുതരമായി പരിക്കേറ്റത്. സ്‌റ്റേജിന്റെ നിര്‍മാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയിരുന്നു. ഇതില്‍ സംഘാടകരുടെ മൊഴി പൊലീസ് രേഖപ്പെടുത്താന്‍ ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ദിവ്യ ഉണ്ണി വിദേശത്തേക്ക് കടന്നത്. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ സുഹൃത്തായ അമേരിക്കന്‍ പൗരത്വമുള്ള പൂര്‍ണിമയെ പൊലീസ് പ്രതിചേര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസം പരിപാടിസംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ ദിവ്യ പ്രതികരിച്ചിരുന്നില്ല. വിവാഹശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ താമസമാക്കിയ നടി നവംബര്‍ മാസത്തിലാണ് കേരളത്തിലേക്ക് എത്തിയത്.