ആക്രമിക്കപ്പെട്ട നടിയെ നിരന്തരം അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന് നടിയുടെ സഹോദരന്റെ കത്ത്. ബഹുമാനപ്പെട്ട ജനപ്രതിനിധി അറിയുന്നതിന് എന്ന് തുടങ്ങുന്ന കത്ത് ഉയരം കൂടുംതോറും വീഴ്ചയുടെ ശക്തിയും കൂടുമെന്ന് ജനപ്രതിനിധികള്‍ എല്ലായ്‌പ്പോഴും ഓര്‍ക്കുന്നത് നല്ലതായിരിക്കും എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.
കത്തിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട ജനപ്രതിനിധി അറിയുന്നതിന് …
ഇരയും നടിയും രണ്ടാണെന്ന തിരിച്ചറിവുള്ള ഒരു ജനപ്രതിനിധിയോട് ഈ ഒരു രീതിയിലാണ് പ്രതികരിക്കേണ്ടത് എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിലൊരു കുറിപ്പെഴുതുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യ മനസ്സിന് താളം തെറ്റാം , അബോധത്തില്‍ പലതും വിളിച്ചു പറഞ്ഞെന്നുമിരിക്കാം. പക്ഷെ അത് ഒരു ശീലവും ക്രമേണ സ്വഭാവവുമായി മാറിയാല്‍ അതിനെ ജനങ്ങള്‍ വിളിക്കുന്നത് മറ്റു പലപേരുകളിലുമാണ്. അത്തരമൊരവസ്ഥ സ്വയം തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവരെങ്കിലും അത് തിരുത്തണം. അത് നടക്കുന്നില്ല എന്ന് വേണം ജനപ്രതിനിധിയുടെ തുടര്‍ച്ചയായ വാഗ്ചാതുരിയിലൂടെ ജനങ്ങള്‍ അനുമാനിക്കേണ്ടത്. അതോ പറഞ്ഞാലും ജനപ്രതിനിധിയ്ക്ക് മനസ്സിലാകില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ട് പറയാതിരിക്കുന്നതാണോ എന്നും അറിയില്ല.
ഒരു ജനപ്രതിനിധി എങ്ങിനെ ആകാതിരിക്കണം എന്നതിനുള്ള ഉത്തമോദാഹരണമായാണ് ജനങ്ങള്‍ ഇപ്പോള്‍ ഇത്തരം ജനപ്രതിനിധികളെ നോക്കി കാണുന്നത്. അത് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ചുരുങ്ങിയത് ആ ജനപ്രതിനിധികളെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളെ സേവിക്കേണ്ട ജനപ്രതിനിധി തന്നെ ജനങ്ങള്‍ക്ക് നേരെ തോക്കെടുത്തതും, ചാരക്കേസില്‍ സഹായിക്കാന്‍ ജനപ്രതിനിധി കാണിച്ച കര്‍ത്തവ്യ ബോധവും അതിന്റെ നിജസ്ഥിതി വ്യക്തമാക്കിത്തന്ന ചാനല്‍ വിവരണവും ജനങ്ങള്‍ മറന്നിട്ടില്ല. ഇതിനു മുന്‍പും ജനപ്രതിനിധി നടത്തിയ പല ധീരമായ വാഗ്പ്രയോഗങ്ങളും കേരള ജനത , ചലച്ചിത്രത്തിലെ കോമഡി രംഗങ്ങള്‍ കണക്കെ മനസ്സിലേറ്റുന്നുണ്ട് എന്നും മറക്കരുത്.
വനിതാ സംഘടനകള്‍ക്കെതിരേയും നടിയ്‌ക്കെതിരേയും ധീരമെന്നവകാശപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുമ്പോപോഴും ഇത്തരം ജനപ്രതിനിധികള്‍ സ്വയം ഒരവലോകനം നടത്തുന്നത് നന്നായിരിക്കും. തങ്ങള്‍ എന്തൊക്കെയാണ് പുലമ്പുന്നത്, ആര്‍ക്കു വേണ്ടിയാണിതെല്ലാം ചെയ്യുന്നത്, തങ്ങളുടെ തന്നെ ഉള്‍ഭയമാണോ അറിയാതെ ഇത്തരം പ്രകടനങ്ങളിലൂടെ അനാവരണമാകുന്നത് എന്നെല്ലാം ഒരു നിമിഷമെങ്കിലും ഒന്ന് ആത്മപരിശോധന നടത്തിയാല്‍ സ്വയം മെനഞ്ഞെടുക്കുന്ന പല കഥകളും ഇത്തരം ജനപ്രതിനിധികളുടെ ഉള്ളില്‍ തന്നെ എരിഞ്ഞടങ്ങും.
ജനപ്രതിനിധിയുടെ വാഗ്ചാതുരിയെ പ്രശംസിക്കുകയും അതിനെല്ലാവിധ പിന്തുണയും നല്‍കുന്ന സ്‌നേഹസമ്പന്നരായ അനുചരവൃന്ദങ്ങളേയും ഇത്തരം ജനപ്രതിനിധികള്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. കാരണം ജനപ്രതിനിധികളോട് എതിരഭിപ്രായമുള്ളവര്‍ അത് ജനപ്രതിനിധികളോട് തന്നെ പ്രകടിപ്പിക്കുന്നതിന് കാരണം ഇവര്‍ കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നത് കൊണ്ടാണ്. അതൊരിക്കലും സ്‌നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. മനോവിഭ്രാന്തിയുള്ള ചില വ്യക്തികളോടുള്ള സഹാനുഭൂതി മാത്രമാണിത്. ഉയരം കൂടുംതോറും വീഴ്ചയുടെ ശക്തിയും കൂടുമെന്ന വരികള്‍ ഇത്തരം ജനപ്രതിനിധികള്‍ എല്ലായ്‌പ്പോഴും ഓര്‍ക്കുന്നത് നല്ലതായിരിക്കും .