കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്ക് വിചാരണ കോടതി നോട്ടീസ് അയച്ചു. കേസിലെ പ്രതിയും നടനുമായ ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്.
ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലും ആര്‍ ശ്രീലേഖ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം.
ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോട് കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നുവെന്നും നടിയെ ആക്രമിച്ച കേസ് ഉടനൊന്നും തീരില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശ്രീലേഖയ്‌ക്കെതിരെ അതിജീവിത വിചാരണകോടയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.