ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാവ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇന്നോ നാളെയോ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. നേരത്തെ ചോദ്യം ചെയ്യലിനോട് കാവ്യ സഹകരിച്ചിരുന്നില്ല. ചോദ്യങ്ങളില്‍ നിന്ന് അന്ന് കാവ്യമാധവന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ പിന്നീട് വിളിക്കുമ്പോള്‍ എത്തണമെന്ന് എ.ഡി.ജി.പി ബി. സന്ധ്യ നിര്‍ദ്ദേശവും നല്‍കിയിരുന്നു. അതേസമയം, നടിയെ ചോദ്യം ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുന്നത് കൊണ്ട് കാവ്യ നിയമോപദേശം തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. അറസ്റ്റിനുള്ള സാധ്യത, മുന്‍കൂര്‍ ജാമ്യാപേക്ഷയുമുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് നിര്‍ദ്ദേശങ്ങള്‍ തേടിയിട്ടുള്ളത്. നിലവില്‍ കാവ്യയുടെ അറസ്റ്റിന് സാധ്യതയില്ലെങ്കിലും പ്രതിയാകാനോ സാക്ഷിയാകാനോ അന്വേഷണ സംഘം ആവശ്യപ്പെടും. എന്നാല്‍ ഇതിന് സമ്മതിക്കരുതെന്ന് കാവ്യയുടെ അഭിഭാഷകന്‍ ഉപേദശിക്കുന്നത്. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് പതറാതെ മറുപടി നല്‍കണമെന്നും അവര്‍ പറയുന്നു. എന്നാല്‍ കേസില്‍ കാവ്യ എന്ത് മൊഴി നല്‍കിയാലും അത് പൊളിക്കാനുള്ള സാങ്കേതികത്വം പോലീസിന്റെ കയ്യിലുണ്ട്. പള്‍സര്‍ സുനി കാവ്യയുടെ കടയില്‍ എത്തിയതിനും കാവ്യയുടെ ഫോണില്‍ നിന്നും ദിലീപിനെ വിളിച്ചതിനും തെളിവുകളുണ്ട്. കേസില്‍ കാവ്യക്ക് പങ്കില്ല. എങ്കിലും അറിയാമായിരുന്നു. കേസില്‍ കാവ്യയെ സാക്ഷിയാക്കുകയാണെങ്കില്‍ ദിലീപിന്റെ കുരുക്ക് മുറുകാനാണ് സാധ്യത.