കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടാവും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. എ.ഡി.ജി.പി ബി.സന്ധ്യയും, സര്‍ക്കാര്‍ അഭിഭാഷകരും യോഗത്തില്‍ പങ്കെടുക്കും. പ്രതിപട്ടികയെ സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുന്നതിന് പുറമെ തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രത്തില്‍ പിഴവുണ്ടോ എന്നും യോഗം പരിശോധിക്കും. നിലവില്‍ കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. എന്നാല്‍ ദിലീപിന് വേണ്ടിയാണ് നടിയെ ആക്രമിച്ചത് എന്നതിന്റെ അടിസ്ഥാനത്തില്‍ കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കണ്ട് കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാനാണ് അന്വേഷണസംഘം തീരുമാനിക്കുന്നത്. പള്‍സര്‍ സുനിയെ രണ്ടാം പ്രതിയുമാക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനമെടുക്കും. കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വേഗത്തിലാക്കിയത്. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിവേഗ കോടതി വേണമെന്ന ആവശ്യവും ഡി.ജി.പി മുന്നോട്ട് വെക്കും.