X

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. കഴിഞ്ഞ നവംബര്‍ 22 ന് സമര്‍പ്പിച്ച കുറ്റപത്രമാണ് അങ്കമാലി കോടതി സ്വീകരിച്ചത്. ഫയലില്‍ സ്വീകരിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മൊത്തം 12 പ്രതികളുള്ള കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. 450 ഓളം രേഖകളും 355 സാക്ഷികളുമാണ് കേസിലുള്ളത്. ചലച്ചിത്ര മേഖലയില്‍ നിന്ന് മാത്രം 55 സാക്ഷികളുണ്ട്. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാണ്.1555 പേജുകളാണ് കുറ്റപത്രത്തിനുള്ളത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്. ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടതായുള്ള സാക്ഷിമൊഴികള്‍, നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വ്യാജ ചികിത്സ രേഖ, അറസ്റ്റിലായ ശേഷം പള്‍സര്‍ സുനി ഒരു പോലീസുദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്, പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയത് തുടങ്ങിയവയാണ് ദിലീപിനെതിരായുള്ള കേസിലെ സുപ്രധാന തെളിവുകള്‍.

chandrika: