കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളി. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. വിചാരണക്കോടതി മാറ്റേണ്ട സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി.
വിചാരണക്കോടതി നടപടികള്‍ക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്പോഴാണ് വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു ഹര്‍ജിയില്‍ വിധി പറയുന്നതിന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് വിചാരണക്കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് എന്ന ഗൗരവമായ ആരോപണമാണ് സര്‍ക്കാരും പരാതിക്കാരിയും കോടതിയില്‍ ഉയര്‍ത്തിയത്. കോടതിയില്‍ വച്ച് പലതവണ കരയേണ്ട സാഹചര്യം തനിക്കുണ്ടായെന്ന് ആക്രമണത്തിന് ഇരയാക്കപ്പെട്ട യുവതി കോടതിയെ അറിയിച്ചു. വിചാരണക്കോടതിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിചാരണക്കോടതി മാറ്റണമെന്നായിരുന്നു നടിയുടെ വാദം. അതേ സമയം കേസിന്റെ വിചാരണ ഒരു വനിതാ ജഡ്ജിക്കു തന്നെ നല്‍കണമെന്നില്ല. തത്തുല്യമായ മറ്റേതെങ്കിലും കോടതിയിലേയ്ക്ക് കൈമാറിയാലും മതിയാകും എന്ന നിലപാടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.