കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് വിദേശത്തുപോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. വിദേശയാത്രക്ക് നാലുദിവസത്തെ ഇളവാണ് കോടതി അനുവദിച്ചിട്ടുള്ളത്. ആറു ദിവസത്തിനകം പാസ്‌പോര്‍ട്ട് തിരികെ നല്‍കണം. വിസ രേഖകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ദുബായിലേക്ക് പോകാനാണ് ദിലീപ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.
ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയില്‍ ഇളവുനല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി തള്ളുകയായിരുന്നു.ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു.
അതേസമയം, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് അന്വേഷണസംഘം തയ്യാറെടുക്കുകയാണ്. നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജുവാര്യറെ കുറ്റപത്രത്തില്‍ സാക്ഷിയായി ഉള്‍പ്പെടുത്തില്ലെന്നാണ് വിവരം. മഞ്ജുവാര്യറുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത്. നേരത്തെ മഞ്ജുവിനെ സാക്ഷിയാക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ മഞ്ജു അസൗകര്യം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.