ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചു. ഫെബ്രുവരി അവസാനവാരത്തിലേക്കാണ് മാറ്റിവെച്ചത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി.
ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി മാറ്റിവെച്ചത്. ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാകില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്റെ വാദം.