ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന്‍ ദീലിപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോഹ്ത്തഗിയാണു ദിലീപിനായി കോടതിയെ സമീപിച്ചത്. തന്നെ കുടുക്കാന്‍ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടത്തിയെന്നാണ് ദിലീപിന്റെ ആരോപണം.
ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിനായി ദിലീപ് വിചാരണക്കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും ആവശ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായിരുന്നില്ല. തെളിവുകള്‍ കൈമാറാനാവില്ലെന്ന പൊലീസ് നിലപാടിനോട് യോജിച്ചായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. കുറ്റപത്രത്തിനൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്കു കൈമാറണമെന്ന് ഹൈക്കോടതിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഇതില്‍ ഏഴു രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു.