കൊച്ചി: യുവ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുമതി. കേസിലെ മുഖ്യപ്രതിയായ സുനിക്കായി രണ്ടാമതു വക്കാലത്തെടുത്ത അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനാണ് പൊലീസിന് ഹൈക്കോടതി അനുവാദം നല്‍കിയത്.
സുനിയുടെ മൊബൈലും സിം കാര്‍ഡും കിട്ടിയത് അഭിഭാഷകന്റെ ഓഫിസില്‍ നിന്നാണെന്നതിനാല്‍ അഭിഭഷകനെ ചോദ്യചെയ്യാന്‍ വിട്ടുതരണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിക്കുമ്പോള്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.
അതേസമയം, വിഷയത്തില്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനായി നേരത്തെ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ അഭിഭാഷകനായ തന്നെ ഇത്തരത്തില്‍ ചോദ്യം ചെയ്യുന്നതിന് എതിരെ പ്രതീഷ് ചാക്കോ, കോടതിയെ സമീപിക്കുകയായിരുന്നു.
ഈ നീക്കത്തിന് തിരിച്ചടിയായാണ് ഇപ്പോള്‍ ഹൈക്കോടതി പ്രതീഷ് ചാക്കോയുടെ ഹരജി തള്ളി ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയത്. പൊലീസിനു മുന്നില്‍ രണ്ടുദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് കോടതി പ്രതീഷ് ചാക്കോയ്ക്ക് നിര്‍ദേശം നല്‍കിയത്.