നടിയെ ആക്രമിച്ച കേസില്‍ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമില്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി. വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സുനിയുടെ ആവശ്യം തള്ളിയത്.
സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കാനായിരുന്നു പള്‍സര്‍ സുനി ആവശ്യപ്പെട്ടിരുന്നത്. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയെന്നും വീണ്ടും സാക്ഷിയെ വിസ്തരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന സുനിയുടെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളി. തുടര്‍ന്ന് അപ്പീലുമായി പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.