നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്വേഷണ സംഘത്തിന് മുന്നിലുള്ളത് മൂന്ന് ദിവസം മാത്രം. തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ അറിയിച്ചതോടെ അന്വേഷണം മുഴുമിപ്പിക്കാതെയായിരിക്കും തുടരന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കുകയെന്ന് ഉറപ്പായി.
കേസില്‍ വഴിത്തിരിവിലായേക്കുമെന്ന് കരുതിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറ്റവും, മുന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമര്‍ശവും അന്വേഷിക്കാന്‍ അന്വേഷണ സംഘത്തിന് ഇനി സമയമില്ലെന്നതും തിരിച്ചടിയാണ്. കേസില്‍ ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. ശരത്തിനെ പ്രതി ചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. വിചാരണ ഉടന്‍ പുനരാരംഭിക്കണമെന്ന് നിര്‍ദേശിച്ച കോടതി, കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജനുവരി നാലിനാണ് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയത്.191 ദിവസം നീണ്ട അന്വേഷണം കഴിഞ്ഞ 15ന് അവസാനിച്ചു. 269 രേഖയാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ പിടിച്ചെടുത്തത്.