X

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴ ഇട്ട് ഹൈക്കോടതി. തുടര്‍ച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. ഒരു ജാമ്യഹര്‍ജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പിഴ ചുമത്തിയത്.

ഓരോ തവണയും പ്രതിക്കായി ഓരോ അഭിഭാഷകരാണ് ഹാജരാകുന്നതെന്നും കോടതി പറഞ്ഞു. ലീഗൽ സർവീസ് അതോറിറ്റിക്കാണ് പ്രതി പിഴത്തുക കൈമാറേണ്ടത്.നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയും ജയിലിൽ കഴിയുന്ന ഏക പ്രതിയുമാണ് പള്‍സര്‍ സുനി.2017ലാണ് സുനി അറസ്റ്റിലായത്.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍തന്നെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ജാമ്യഹര്‍ജി തള്ളിയാല്‍ സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലേ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്യാവൂ എന്നാണ് നിയമം. പള്‍സര്‍ സുനി ഏപ്രില്‍ 16-ന് ഫയല്‍ ചെയ്ത ജാമ്യഹര്‍ജി മേയ് 20-ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മേയ് 23-ന് വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്തപ്പോഴാണ് കോടതി പിഴ ചുമത്തിയത്.

webdesk14: