കൊച്ചി: അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ സാക്ഷിയായ നടി മഞ്ജു വാര്യറുടെ സാക്ഷി വിസ്താരം ഇന്നും തുടരും.കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു. പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയാക്കി പ്രതിഭാഗം ക്രോസ് വിസ്താരം ആരംഭിച്ചെങ്കിലും ഇന്നലെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ഇന്ന് മഞ്ജുവിനെ ക്രോസ് വിസ്താരം നടത്തും. കേസിലെ 34ാം സാക്ഷിയായ മഞ്ജുവിന്റെ മൊഴി ഒന്നാംഘട്ട വിസ്താരത്തില്‍ ഒരു തവണ രേഖപ്പെടുത്തിയതാണ്. കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമായി പുതുക്കിയ സാക്ഷിപ്പട്ടികയിലും മഞ്ജുവിന്റെ പേരു ചേര്‍ത്തിരുന്നു. ഒരു കേസില്‍ ഒരിക്കല്‍ വിസ്തരിച്ച സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നതിനെ എതിര്‍ത്ത് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയതോടെയാണു ഇന്നലെ വീണ്ടും മഞ്ജുവിനെ വിസ്തരിക്കാന്‍ തുടങ്ങിയത്.