കൊച്ചി: നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയില്‍ നടത്താന്‍ ഹര്‍ജി നല്‍കി അതിജീവിത. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും
കഴിഞ്ഞ ദിവസം കേസില്‍ അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടായിരുന്നു കത്തയച്ചത്. കേസില്‍ ദിലീപടക്കമുള്ള പ്രതികള്‍ക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ കേസില്‍ പ്രതികളാണ്. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു.