കട്ടപ്പന: നടി ആശാശരത്തിന്റെ എവിടെ സിനിമയുടെ പ്രമോഷന്‍ വീഡിയോ വിവാദമാകുന്നു. വീഡിയോയില്‍ പറയുന്ന കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് നിര്‍ത്താതെയുള്ള കോളുകളുടെ പ്രവാഹമാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്. അതുപ്രകാരമാണ് സ്‌റ്റേഷനിലേക്ക് ഫോണ്‍വിളികളെത്തിയത്. സംഭവം യാഥാര്‍ത്ഥ്യമാണെന്ന് തെറ്റിദ്ധരിച്ച ആളുകള്‍ വിവരറിയാനായി സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. ഔദ്യോഗിക മൊബൈലിലേക്ക് വരെ വിളികള്‍ വന്നെന്നും ഇത് സിനിമാ പ്രൊമോഷനാണെന്ന് ബോധ്യപ്പെടുത്തേണ്ടി വന്നെന്നും എസ്.ഐ സന്തോഷ് സജീവന്‍ പറഞ്ഞു.
എന്നാല്‍, ഇതൊരു പ്രമോഷണല്‍ വീഡിയോ ആണെന്ന് വ്യക്തമാക്കിത്തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതെന്ന് ആശാ ശരത്ത് പ്രതികരിച്ചു. മാത്രമല്ല, തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ മാപ്പു പറഞ്ഞും ആശ രംഗത്തെത്തിയിരുന്നു.
‘വീഡിയോയുടെ തുടക്കത്തിലും അവസാനത്തിലും ചിത്രത്തിന്റെ പ്രമോഷണല്‍ വീഡിയോ ആണെന്ന് പറയുന്നുണ്ട്. ചിത്രത്തിന്റെ കഥാപാത്രമായാണ് അതില്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍നിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ആദ്യതവണ പോസ്റ്റുചെയ്തശേഷം തെറ്റിദ്ധരിക്കുമോ എന്നുതോന്നിയപ്പോള്‍ പ്രമോഷണല്‍ വീഡിയോ എന്ന് ചിത്രത്തിന്റെ പേരുംചേര്‍ത്ത് വീണ്ടും ഹാഷ് ടാഗ് ചെയ്തിരുന്നു.’ ആശ പ്രതികരിച്ചു. അതിനിടെ, താരത്തിനെതിരെ പരാതിയുമായി അഡ്വ ശ്രീജിത്ത് പെരുമന രംഗത്തെത്തി. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് പൊലീസില്‍ പരാതി നല്‍കി.