തിരുവനന്തപുരം: നടി അനുശ്രീയില്‍ നിന്ന് രണ്ടു പപ്‌സിനും രണ്ടു കട്ടന്‍ചായക്കും കൂടി 680രൂപ ഈടാക്കിയ ഹോട്ടലിന് നേരെ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. തിരുവനന്തപുരം വിമാനത്താവളത്തിലെ ഹോട്ടലിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
എയര്‍പോര്‍ട്ട് ഡയറക്ടര്‍, കിച്ചണ്‍ റസ്‌റ്റോറന്റ് മാനേജര്‍, ഉപഭോക്തൃ വകുപ്പ് സെക്രട്ടറി,ഭക്ഷ്യസുരക്ഷാ കമ്മീഷന്‍,ലീഗല്‍ മെട്രോളജി കമ്മീഷ്ണര്‍ എന്നിവര്‍ ഒരു മാസകത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. കേസ് നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസിന്റേതാണ് ഉത്തരവ്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഹോട്ടലില്‍ നിന്ന് രണ്ടുചായയും രണ്ടു പപ്‌സും കഴിച്ച നടിക്ക് 680രൂപയാണ് ബില്ല് വന്നത്. കഴിഞ്ഞ മാസമാണ് സംഭവം. ബില്ല് കണ്ട് ഞെട്ടിയ താരം ബില്ല് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.