X

ഖത്തര്‍ വിരുദ്ധ റാലിയില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് ഏജന്‍സി പണം വാഗ്ദാനം ചെയ്തു

 

ലണ്ടന്‍: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ലണ്ടനില്‍ ഖത്തര്‍ വിരുദ്ധ റാലി നടത്തുന്നതിന് ഒരു ബ്രിട്ടീഷ് ഏജന്‍സി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. അല്‍ത്താനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും കൂടിക്കാഴ്ച നടത്തുന്ന വേദിക്ക് സമീപം നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും 25 ഡോളറാണ് എക്‌സ്ട്രാ പീപ്പിള്‍ എന്ന കാസ്റ്റിങ് ഏജന്‍സി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഏതെങ്കിലും സിനിമക്കോ ടിവി പരിപാടിക്കോ വേണ്ടിയല്ല ഇതെന്നും ഖത്തര്‍ ഭരണാധികാരിയുടെ സന്ദര്‍ശന സമയത്ത് ഡൗണിങ്ങ് സ്ട്രീറ്റിന് പുറത്ത് ഒത്തുചേര്‍ന്നാല്‍ മാത്രം മതിയെന്നുമാണ് തങ്ങളുടെ ആക്ടേഴ്‌സിന് ഏജന്‍സി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഖത്തര്‍ വിരുദ്ധ പരിപാടിയാണ് ഇതെന്നും നിങ്ങള്‍ എന്തെങ്കിലും ചെയ്യുകയോ പറയുകയോ വേണ്ടെന്നും വെറുതെ സ്ഥലത്തെത്തിയാല്‍ മതിയെന്നും ഏജന്‍സി ആവശ്യപ്പെടുന്നു. 12.30ന് പിരിഞ്ഞുപോകാമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. വിവാദ പരിപാടിയെക്കുറിച്ച് വാര്‍ത്ത പ്രചരിച്ചതോടെ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിച്ച് തങ്ങളുടെ ആക്ടേഴ്‌സിന് ഏജന്‍സി ഇമെയില്‍ അയച്ചു. ഡോണിങ്ങ് സ്ട്രീറ്റിന് പുറത്ത് നില്‍ക്കാന്‍ അഞ്ഞൂറോളം വേണമെന്ന് ഒരു പബ്ലിക് റിലേഷന്‍സ് ഏജന്‍സി ആവശ്യപ്പെട്ടതുപ്രകാരമാണ് അത്തരം നീക്കം നടത്തിയതെന്ന് എക്‌സ്ട്രാ പീപ്പിള്‍ വിശദീകരിച്ചു. ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് വ്യക്തമായതോടെ തങ്ങള്‍ പിന്മാറുകയായിരുന്നുവെന്ന് കമ്പനി ഡയറക്ടര്‍ ടോണ്‍ വാക്കര്‍ പറഞ്ഞു.

chandrika: