നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടൻ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. താൻ കർഷക പക്ഷത്താണ്. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിച്ചു. കളമശ്ശേരിയിലെ വേദിയിൽ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല. അതുകൊണ്ടാണ് വേദിയിൽ തന്നെ പറയാൻ തീരുമാനിച്ചതെന്നും ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ജയസൂര്യ കുറിച്ചു.
‘ഇടത്-വലത്-ബിജെപി രാഷ്ട്രീയവുമായി എനിക്കൊരു ബന്ധവുമില്ല. എന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി ഞാൻ കൃഷിക്കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കർഷകർക്ക് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞാണ് ഞാനറിയുന്നത്. നിങ്ങളെപ്പോലുള്ളവർ ഇത്തരം വിഷയങ്ങൾ ഉന്നയിക്കണമെന്ന് കൃഷ്ണപ്രസാദ് പറയുമായിരുന്നു. കർഷകർ കഷ്ടപ്പെട്ട് വിളവിറക്കി കൊടുത്ത നെല്ല് സംഭരിച്ച ശേഷം ആറുമാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി എനിക്ക് തോന്നി. ആ നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണയിൽ എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ടും എന്താണ് പാവം കർഷകർ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ തിരുവോണത്തിന് പട്ടിണി സമരം നടത്തുന്നത്? നമ്മളെ ഊട്ടുന്നവർക്ക് സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടിവരുന്നതിലെ അനൗചിത്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്’- ജയസൂര്യ പറഞ്ഞു.