തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒരു വര്‍ഷം തികയുമ്പോഴും അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതില്‍ പ്രതിഷേധവുമായി മലയാള സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. നീതി ലഭിക്കാന്‍ വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് ഓര്‍മപ്പെടുത്തലോടുകൂടിയാണ് വനിതാ കൂട്ടായ്മ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ‘ഇന്ന് ഫെബ്രുവരി 17, മലയാള സിനിമാ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ദിനം. മാനസികവും ശാരീരികവും സാമൂഹികവുമായി ഉലഞ്ഞിട്ടും അതിനെയെല്ലാം തരണം ചെയ്ത് ശക്തമായി നിലകൊണ്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയെ ഏറെ ബഹുമാനിക്കുന്നു. ആ പോരാട്ടം ഇനി ഞങ്ങളുടെതാണ്, ഓരോ സിനിമാ പ്രവര്‍ത്തകയുടെയും. സിനിമാ മേഖലയില്‍ നിര്‍ഭയമായും തുല്യതയോടെയും പ്രവര്‍ത്തിക്കാന്‍ ആ പോരാട്ടം തുടരുക തന്നെ ചെയ്യും. ഇന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വീണ്ടും ആവര്‍ത്തിക്കുന്നു- നീതി ലഭിക്കാന്‍ വൈകിക്കുന്നത് അത് നിഷേധിക്കുന്നതിന് തുല്യമാണ്.