മുംബൈ: ബോളിവുഡ് നടി ഐശ്വര്യറായിയെ ട്രോളിയ സംഭവത്തില്‍ മാപ്പപേക്ഷയുമായി നടന്‍ വിവേക് ഒബ്‌റോയ്. തന്റെ തമാശ ഏതെങ്കിലും സ്ത്രീകള്‍ക്ക് പ്രയാസം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് മാപ്പപേക്ഷിക്കുന്നുവെന്നും ട്വീറ്റ് പിന്‍വലിച്ചുവെന്നും വിവേക് ഒബ്‌റോയ് അറിയിച്ചു.
ഒരാള്‍ക്ക് തമാശയായി തോന്നുന്നത് മറ്റൊരാള്‍ക്ക് പ്രയാസകരമാവാം. കഴിഞ്ഞ പത്തുവര്‍ഷത്തോളം കാലം സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് ചിലവിട്ടത്. ഒരു സ്ത്രീയേയും അപമാനിക്കുന്നത് തനിക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തെക്കുറിച്ചുള്ള ട്രോളാണ് വിവേക് ഒബ്രോയ്ക്ക് പങ്കുവെച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമയില്‍ മോദിയായി വേഷമിട്ട ഒബ്രോയ്, ബോളിവുഡ് നടി ഐശ്വര്യ റായിയെ അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റ് ചെയ്ത പോസ്റ്റര്‍ ആണ് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയത്.
അഭിപ്രായ സര്‍വേയില്‍ സല്‍മാന്‍ ഖാനൊപ്പവും എക്‌സിറ്റ് പോളില്‍ തനിക്കൊപ്പവുമായിരുന്ന ഐശ്വര്യ റായ് ഫലം പുറത്തുവന്നപ്പോള്‍ അഭിഷേക് ബച്ചന്റെ ഭാര്യയായി എന്നു കാണിക്കുന്ന ട്രോളാണ് വിവേക് ഒബ്രോയ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടത്. ‘ഹഹ, ക്രിയേറ്റീവ്! ഇവിടെ രാഷ്ട്രീയമില്ല, ജീവിതം മാത്രം’ എന്ന വാചകം സഹിതമായിരുന്നു ഒബ്രോയുടെ പോസ്റ്റ്.
എന്നാല്‍ ഒബ്രോയുടെ ഫലിതത്തിലെ സ്ത്രീവിരുദ്ധതക്കെതിരെ ഉടന്‍ തന്നെ മറുപടികള്‍ വന്നു തുടങ്ങി. താഴ്ന്ന നിലവാരത്തിലുള്ള ഫലിതമാണിതെന്ന് ട്വിറ്ററാറ്റി അഭിപ്രായപ്പെട്ടു. സമ്പൂര്‍ണ അസംബന്ധമാണിതെന്ന് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട പരസ്യമായി പ്രതികരിച്ചു. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തെ പരിഹാസവിധേയമാക്കിയതിനെതിരെയും നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.