ചെന്നൈ: ഹോളിവുഡില്‍ നിന്നും തുടങ്ങി മലയാള സിനിമയില്‍ വരെ എത്തി നില്‍ക്കുന്ന ‘മീ ടു’ ക്യാപെയ്‌നിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കി തമിഴ് സിനിമാ ലോകം. നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക പീഡനപരാതികള്‍ പറയാന്‍ മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്ന് തമിഴ് സിനിമാ സംഘടനയായ നടികര്‍ സംഘം പ്രസിഡന്റ് വിശാല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് തമിഴ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നേതാവുമായ വിശാലിന്റെ പ്രഖ്യാപനം.
വനിതാ ആര്‍ടിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാല്‍ പറഞ്ഞു. നടികര്‍ സംഘം, എഫ്.ഇ.എഫ്.എസ്.ഇ, ടി.എഫ്.പി.സി, ഫിലിം ചേംബര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി. ജൂനിയര്‍ വനിതാ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ സീനിയേഴ്‌സ് വരെയുള്ളവര്‍ക്ക് പരാതി പറയാനും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും അവസരം നല്‍കുന്നതായിരിക്കും കമ്മിറ്റിയെന്നും വിശാല്‍ വ്യക്തമാക്കി.
നേരത്തെ, പിന്നണിഗായിക ചിന്‍മയി വൈരമുത്തുവില്‍ നിന്നും നേരിട്ട അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. വിദേശത്ത് പരിപാടിക്കെത്തിയപ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്നീട് ആവശ്യം നിരസിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഹോളിവുഡില്‍ നിന്നും തുടങ്ങി ഈ മീ ടു ക്യാപെയ്‌നിന്റെ ഭാഗമായി മലയാള സിനിമയിലും ചില വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് മുതിര്‍ന്ന നടി രേവതിയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പീഡനത്തിന്റെ വിശദവിവരങ്ങള്‍ വ്യക്തമാക്കാന്‍ രേവതി തയ്യാറായില്ല. പെണ്‍കുട്ടി പരാതിപ്പെടുകയാണെങ്കില്‍ പിന്തുണക്കുമെന്നായിരുന്നു അവരുടെ നിലപാട്.