അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിനെത്തിയ കൊച്ചി സിറ്റി പൊലീസ് ആണ് ഫോണ്‍ പിടിച്ചെടുത്തത്. ചോദ്യം ചെയ്യലില്‍ വിനായകന്‍ കുറ്റം സമ്മതിച്ചു.
പെട്ടെന്നുളള പ്രകോപനം കൊണ്ടാണ് അത്തരത്തില്‍ ഫേസ്ബുക്കില്‍ ലൈവ് നടത്തിയതെന്ന് നടന്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. കലൂരിലുളള നടന്റെ ഫ്‌ലാറ്റിലെത്തിയാണ് പൊലീസ് ചോദ്യംചെയ്തത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് വിനായകനെതിരെയുളള പരാതികള്‍ അന്വേഷിക്കുന്നത്.
തന്റെ ഫ്‌ലാറ്റിന് നേരെ ആക്രമണം നടത്തിയതില്‍ പരാതിയില്ലെന്ന് വിനായകന്‍ പൊലീസിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചതുപോലെ അക്രമികളോട് താനും ക്ഷമിക്കുന്നു. നേരത്ത തന്റെ ഫ്‌ലാറ്റിന് നേരെ ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിനായകന്‍ പരാതി നല്‍കിയിരുന്നു.
വിനായകന്റെ മൊബൈല്‍ഫോണ്‍ കോടതിയില്‍ ഹാജരാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ആഷിക് പറഞ്ഞു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഐപിസി 153, 257, കേരള പൊലീസ് ആക്ടിലെ 120 വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
കേസില്‍ കഴിഞ്ഞ ദിവസം ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു നടന്റെ വിശദീകരണം. തുടര്‍ന്ന് മൂന്ന് ദിവസത്തിനുളളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് നടന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്.