X

നടന്‍ വിജയ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാനൊരുങ്ങുന്നു: ലക്ഷ്യം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്?

തമിഴ് സിനിമാ താരം വിജയ് സിനിമ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് താരം അഭിനയത്തിന് ഒരു ചിന്ന ബ്രേക്ക് എടുത്ത് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. അടുത്തിടെ തമിഴ്‌നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളിലെയും 10,12 ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ തന്റെ ആരാധക സംഘടനയായ മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ വിജയ് രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു.

മാതാപിതാക്കളോട് പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് ഉപദേശിക്കണമെന്ന് കുട്ടികളോട് പറഞ്ഞ വിജയ് വിദ്യാര്‍ഥികളെ ഭാവി വോട്ടര്‍മാര്‍ എന്നാണ് വിശേഷിപ്പിച്ചത്. തന്റെ സിനിമകളുടെ ഓഡിയോ ലോഞ്ച് വേദികളില്‍ പലതവണ രാഷ്ട്രീയം പറഞ്ഞിട്ടുള്ള വിജയ് ഒരു പൊതുചടങ്ങില്‍ ‘അരസിയല്‍’ സംസാരിക്കുന്നത് ആദ്യമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്നതിന്റെ തെളിവായാണ് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇതിനെ ചൂണ്ടിക്കാട്ടിയത്.

2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അതേസമയം പുതിയ വാര്‍ത്തകളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ചില്‍ വെച്ച് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും അഭ്യൂഹമുണ്ട്. സാധാരണയായി വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിന് വേദിയാകാറുള്ള ചെന്നൈയ്ക്ക് പകരം മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ഒരു മൈതാനത്ത് ലിയോയുടെ ഓഡിയോ ലോഞ്ച് നടത്താനാണ് അണിറക്കാര്‍ പദ്ധതിയിടുന്നത്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു വന്‍ പരിപാടിയാണ് ലിയോ ടീം ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

അതേസമയം വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കരുതലോടെയാണ് മറ്റ് പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. ഡിഎംകെ,അണ്ണാ ഡിഎംകെ പാര്‍ട്ടികള്‍ ശക്തമായ തമിഴകത്ത് വിജയ് കാന്തിന് ശേഷം മറ്റൊരു സിനിമാ താരത്തിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകുമോ എന്നതും ചര്‍ച്ചയാണ്.

webdesk13: