ചെന്നൈ; തമിഴ് ഹാസ്യനടന്‍ വടിവേലു ബിജെപിയിലേക്കെന്ന് അഭ്യൂഹം. എന്നാല്‍ ഇതിനോട് നടനോ പാര്‍ട്ടിയോ പ്രതികരിച്ചിട്ടില്ല. സ്ഥിരീകരിക്കാത്ത വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നടന്‍ വിജയ് രാഷ്്ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് വടിവേലുവിന്റെ രാഷ്ട്രീയ പ്രവേശനവും ചര്‍ച്ചയാവുന്നത്.
ആരാധകര്‍ സ്‌നേഹപൂര്‍വം ‘വൈഗൈ പുഴല്‍’ എന്നു വിളിക്കുന്ന വടിവേലു മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഡിഎംകെയെ പിന്തുണച്ചു പ്രചാരണം നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിനിമാതാരങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമം ബിജെപി തുടരുകയാണ്. ഗൗതമി, നമിത, രാധാരവി എന്നിവര്‍ പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളാണ്. കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ഖുഷ്ബു ഈയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
വിജയ് ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പിതാവ് എസ്. ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു കാരണവശാലും വിജയ് ബി.ജെ.പിയില്‍ ചേരില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിനിമാ താരം ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വിജയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് നേരത്തെ വിജയിയുടെ പിതാവ് പറഞ്ഞിരുന്നു.
വിജയിയുടെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ കുറെ നാളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ മെര്‍സല്‍ എന്ന സിനിമയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടിയേയും മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളേയും വിജയ് വിമര്‍ശിച്ചിരുന്നു.
തന്റെ കഴിഞ്ഞ മൂന്ന് സിനിമകളുടെ ഓഡിയോ ലോഞ്ചിലും വിജയ് കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്നു. താന്‍ മുഖ്യമന്ത്രിയായാല്‍ ആ സ്ഥാനത്തിരുന്ന് അഭിനയം നടത്തില്ല. എന്റെ ജോലി സത്യസന്ധമായി ചെയ്യും എന്നായിരുന്നു ഒരു വേദിയില്‍ വിജയ് തുറന്നടിച്ചത്.