ഉളിയന്നൂര്‍ തച്ചന്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചിരുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടന്‍ ടിനി ടോം രംഗത്ത്. താന്‍ പറഞ്ഞെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്. തനിക്ക് രാഷ്ട്രീയമില്ലെന്നും തന്നെ തെറ്റിദ്ധരിക്കരുതെന്നും ടിനി ടോം ഫെയ്സ്ബുക്ക് ലൈവിലൂടെ സംഭവത്തില്‍ പ്രതികരിച്ചു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ടിനി ടോം സംസാരിച്ചിരുന്നുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഈ ആരോപണത്തെയാണ് ഫെയ്സ്ബുക്ക് ലൈവിലെത്തിയ നടന്‍ നിഷേധിച്ചത്.
‘ഇന്ത്യ യഥാര്‍ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിനുശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ പോലും അംഗീകരിക്കാന്‍ തയാറാകുന്നില്ല’ എന്ന് ടിനി ടോം പറഞ്ഞെന്നായിരുന്നു ഉളിയന്നൂര്‍ തച്ചന്‍ എന്ന പേജില്‍ വന്ന വാര്‍ത്ത. ഇത് പല സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
എന്നാല്‍ ‘ഉളിയന്നൂര്‍ തച്ചന്‍’ എന്ന വ്യാജ ഫെയ്സ്ബുക് അക്കൗണ്ടില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. തനിക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയവുമില്ല, തന്നെ സ്നേഹിക്കുന്നവര്‍ അത് മനസിലാക്കണമെന്നും തെറ്റിദ്ധരിക്കരുതെന്നും ടിനി ടോം പറഞ്ഞു.