നടൻ സിദ്ദിഖിനെ ചോദ്യംചെയ്യാൻ തിടുക്കം കാട്ടേണ്ടതില്ലെന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. ചോദ്യംചെയ്യലിന് ഹാജരാകാൻ തയാറാണെന്നു സിദ്ദിഖ് അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്വേഷണസംഘം മറുപടി നൽകിയിട്ടില്ല. വിശദമായ നിയമോപദേശം തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
സിദ്ദിഖിനെ ഇപ്പോൾ ചോദ്യംചെയ്താൽ രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതിയിൽ കേസ് വരുമ്പോൾ, തന്നെ ചോദ്യംചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ജാമ്യം അനുവദിക്കണമെന്ന വാദം മുന്നോട്ടുവയ്ക്കുമെന്നതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്. സുപ്രീംകോടതിയിൽ സർക്കാരിന്റെയും പരാതിക്കാരിയുടെയും അഭിഭാഷകർക്ക് കൃത്യമായി വാദിക്കാനുള്ള സമയംകിട്ടിയില്ലെന്ന പ്രശ്നവും പൊലീസ് ഉയർത്തുന്നു.
രണ്ടാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും അന്വേഷണസംഘത്തിന് വേണമെങ്കിൽ ചോദ്യം ചെയ്യാമെന്നുമായിരുന്നു വിധി. തെളിവുകൾ എല്ലാം ശേഖരിച്ച ശേഷം ചോദ്യംചെയ്താൽ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.