മാധ്യമങ്ങള്‍ ഉപദ്രവിക്കുന്നുവെന്ന നടന്‍ സിദ്ദീഖിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. തന്നെയും മകനെയും മാധ്യമങ്ങള്‍ പിന്തുടരുന്നുവെന്നാണ് പരാതി. തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും പരാതിയിലുണ്ട്.
പരാതി ഡി.ജി.പി കൊച്ചി സിറ്റി പൊലീസിന് കൈമാറി. അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം വിട്ടയച്ചു.
യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ സിദ്ദീഖ് അന്വേഷണം നേരിടുകയാണ്. കേസെടുത്തതിന് പിന്നാലെ സിദ്ദീഖിനെ കാണാനില്ലായിരുന്നു. പൊലീസിനൊപ്പം മാധ്യമങ്ങളും സിദ്ദീഖ് എവിടെയാണെന്ന് തിരഞ്ഞിരുന്നു. പിന്നീട് കോടതിയിൽനിന്ന് ജാമ്യം ലഭിച്ചതോടെയാണ് ഇദ്ദേഹം പുറത്തിറങ്ങുന്നത്. താൻ അഭിഭാഷകനെ രഹസ്യമായി കാണാൻ പോയപ്പോഴും മാധ്യമങ്ങൾ അവിടെയെത്തിയെന്ന് പരാതിയിൽ സിദ്ദീഖ് പറയുന്നു.
പരാതിയിൽ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു.