കേരളത്തെ മിസ് ചെയ്യുന്നുവെന്നും ബീഫ് കറിയും പൊറോട്ടയും കഴിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ ബീഫ് കറി ചിക്കന്‍ കറിയെന്നും, മട്ടന്‍ കറിയെന്നും തിരുത്തിയതിന് വിശദീകരണവുമായി രംഗത്ത്. ബീഫ് കറി തിരുത്തിയതിനെകുറിച്ച് പിന്നീട് സാമുവല്‍ റോബിന്‍സണ്‍ നല്‍കിയ മറുപടി രസകരമാണ്.
തനിക്ക് യഥാര്‍ത്ഥത്തില്‍ ബീഫ് കറിയാണ് ഇഷ്ടം. പക്ഷേ ചിലര്‍ കേരളത്തില്‍ ബീഫ് കഴിക്കുന്നത് പ്രശ്‌നമാണെന്ന് പറയുകയായിരുന്നുവെന്ന് സാമുവല്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഫേസ്ബുക്കിലുള്ളവര്‍ സാമുവലിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. കേരളീയവരുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് ബീഫും പൊറാട്ടയും എന്നറിഞ്ഞതോടെ സാമുവല്‍ ബീഫ് കറിയെന്ന് വീണ്ടും തിരുത്തുകയായിരുന്നു.
സിനിമയില്‍ പ്രതിഫലം കുറഞ്ഞുവെന്നും നിര്‍മ്മാതാക്കള്‍ വര്‍ണ്ണവിവേചനം കാട്ടിയെന്നും നേരത്തെ സാമുവലിന്റെ പോസ്റ്റിലുണ്ടായിരുന്നു. ഇത് വിവാദമായതോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു. അതിനുശേഷം ഫേസ്ബുക്കില്‍ പ്രതിഫലം കുറഞ്ഞതുമായി ബന്ധപ്പെട്ട് ഷെയര്‍ ചെയ്തുള്ള പോസ്റ്റുകളെല്ലാം സാമുവല്‍ പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിറകെയാണ് കേരളം മിസ് ചെയ്യുന്നുവെന്നും പൊറോട്ടയും ബീഫും കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് താരം രംഗത്തെത്തിയത്. കേരളത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു. മറ്റൊരു പ്രൊജക്റ്റിനായി കാത്തിരിക്കുകയാണ്. എനിക്ക് പൊറോട്ടയും ബീഫും കഴിക്കണമെന്നും സാമുവല്‍ പറഞ്ഞു. എന്നാല്‍ ഈ പോസ്റ്റില്‍ ബീഫ് കറിയെന്നത് ചിക്കന്‍ കറിയായും മട്ടന്‍ കറിയായും മാറിയിരുന്നു. ഇതിനുള്ള വിശദീകരണമാണ് താരമിപ്പോള്‍ നടത്തിയിരിക്കുന്നത്.
നിര്‍മ്മാതാക്കളായ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ക്കെതിരെയാണ് സാമുവല്‍ ആരോപണം ഉന്നയിച്ചിരുന്നത്. വിവാദമായതോടെ സാമുവലിന് മതിയായ പ്രതിഫലം നല്‍കി പരിഹരിക്കുകയായിരുന്നു.