X

അന്നൊരു അമേരിക്കക്കാരനും ഇങ്ങനെ പറഞ്ഞില്ല; കര്‍ഷകരെ പിന്തുണച്ച് നടന്‍ സലീം കുമാര്‍

തൃശൂര്‍: കര്‍ഷകരെ പിന്തുണച്ച് നടന്‍ സലീം കുമാര്‍. ജോര്‍ജ് ഫ്‌ലോയിഡ് വിഷയത്തില്‍ അമേരിക്ക ലോകരാജ്യങ്ങളുടെ രോഷം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അന്ന് അവര്‍ ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നു പറഞ്ഞില്ലെന്ന് സലീംകുമാര്‍ വ്യക്തമാക്കി. എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറയുന്നു.

സലീം കുമാറിന്റെ കുറിപ്പ് വായിക്കാം:

അമേരിക്കയില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു വെളുത്തവന്‍ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വര്‍ഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാല്‍ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും പറഞ്ഞില്ല.
പകരം ലോകപ്രതിഷേധത്തെ അവര്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കന്‍ പോലീസ് മേധാവി മുട്ടുകാലില്‍ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മള്‍ കണ്ടു. അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപെട്ടത്. പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വര്‍ഗ്ഗ വരമ്പുകളില്ല, വര്‍ണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പം.

 

web desk 1: