ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരത്തിനില്ലെന്ന് നയം വ്യക്തമാക്കി നടന്‍ രജനീകാന്ത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ആരെയും പിന്തുണക്കുന്നില്ലെന്നും രജനീകാന്ത് പറഞ്ഞു. വാര്‍ത്താക്കുറിപ്പിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
തമിഴ്‌നാടിന്റെ പ്രധാന പ്രശ്‌നം ജലദൗര്‍ലഭ്യമാണ്. വെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാമെന്നും രജനീകാന്ത് അനുയായികളോടും ആരാധകരോടും നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പില്‍ തന്റെ പേരോ, ചിത്രങ്ങളോ, തന്റെ സംഘടനയുടെ പതാകയോ, സിംബലോ ഉപയോഗിക്കരുത്. ഇത് ഉപയോഗിക്കാതിരിക്കാന്‍ ആരാധകര്‍ ശ്രദ്ധിക്കണമെന്നും രജനികാന്ത് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി തന്റെ ആരാധക കൂട്ടായ്മയെ രജനീ മക്കള്‍ മന്റം എന്ന പേരില്‍ രജനി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ലെറ്റര്‍ ഹെഡിലാണ് രജനി വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശം നീളുമെന്ന് ഉറപ്പായിരിക്കുകയാണ്.
2017 ഡിസംബര്‍ 31 നാണ് രാഷ്ട്രീയപ്രവേശനം രജനീകാന്ത് പരസ്യമാക്കിയത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിട്ടും രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജ്ജിതമാക്കാത്തത് തമിഴകത്ത് ചര്‍ച്ചയായിരുന്നു. തമിഴ് നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.