ന്യൂഡല്‍ഹി: കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടി പാര്‍ട്ടി വിട്ടു. ബലാത്സംഗികളെ സംരക്ഷിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പറഞ്ഞാണ് മല്ലിക രജ്പുത് പാര്‍ട്ടി വിട്ടത്.
‘തുടര്‍ച്ചയായി ബലാത്സംഗികളെ പ്രോല്‍സാഹിപ്പിക്കുന്ന ഈ പാര്‍ട്ടിയില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിക്കാര്‍ ഉള്‍പ്പെട്ട കഠ്‌വ, ഉന്നാവോ കേസുകളില്‍ അതിവേഗത്തില്‍ വിചാരണ നടക്കുവാനും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനുമാണ് ബി.ജെ.പി ശ്രമിക്കേണ്ടത്. എന്നാല്‍ ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങളുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഞാന്‍ പാര്‍ട്ടി വിടുകയാണ്’; മല്ലിക രജ്പുത് വീഡിയോയില്‍ പറയുന്നു.
കഠ്‌വ കേസിലും ഉന്നാവോ കേസിലും പ്രതികളായ ബി.ജെ.പിക്കാരെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് താരത്തിന്റെ പാര്‍ട്ടി വിടല്‍.
2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായാണ് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശിയായ മല്ലിക ബി.ജെ.പിയില്‍ അംഗമായത്. യു.പിയിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പൊതുവേദിയില്‍ വെച്ചാണ് മല്ലികക്ക് ബി.ജെ.പി അംഗത്വം നല്‍കിയത്.