X

മുസ്‌ലിംകളെ വംശീയമായി ഇല്ലാത്താക്കാന്‍ ശ്രമിച്ചാല്‍ അവര്‍ പ്രതിരോധിക്കുമെന്ന് നടന്‍ നസറുദ്ദീന്‍ ഷാ

ഇന്ത്യയിലുള്ള മുസ്‌ലിംകളെ വംശീയമായി ഇല്ലാത്താക്കാന്‍ ശ്രമം നടത്തിയാല്‍ അവര്‍ പ്രതിരോധിക്കുമെന്ന് ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ. ഞങ്ങള്‍ ഞങ്ങളുടെ വീടുകളെയും, കുടുംബത്തെയും സംരക്ഷിക്കുകയാണെന്നും പ്രതിസന്ധി വന്നാല്‍ പ്രതിരോധിക്കുമെന്നും നസറുദ്ദീന്‍ ഷാ വ്യക്തമാക്കി. ഹരിദ്വാറില്‍ ധര്‍മ സന്‍സദ് എന്ന പരിപാടിക്കിടെ ഹിന്ദുത്വവാദികള്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെയും നസറുദ്ദീന്‍ ഷാ ശക്തമായി പ്രതികരിച്ചു.

താന്‍ അത്ഭുതപ്പെടുകയാണെന്നും അവര്‍ എന്താണ് പറയുന്നതെന്ന് അവര്‍ക്ക് അറിയുമോ എന്നും നടന്‍ ചോദിച്ചു. ‘ഞങ്ങള്‍ ഇവിടെയുള്ളവരാണ്. ഞങ്ങള്‍ ഇവിടെയാണ് ജനിച്ചത്, ഇവിടെ ജീവിക്കും’, നസറുദ്ദീന്‍ ഷാ വ്യക്തമാക്കി. 20 കോടി മുസ്‌ലിംകള്‍ പ്രതിരോധിക്കുമെന്നും മറുപടി നല്‍കി.  ആഭ്യന്തര യുദ്ധത്തിലേക്കാണ് വംശഹത്യാ പ്രഖ്യാപനങ്ങള്‍ ചെന്നെത്തിക്കുകയെന്നും
മോദിയെ സംബന്ധിച്ച് ഇതൊന്നും വിഷയമല്ലെന്നും അദ്ദേഹം പരിഹസിച്ചു.

നിലവില്‍ ഇന്ത്യയില്‍ മുസ്‌ലിംകങ്ങളെ രണ്ടാം തരം പൌരന്‍മാരെ പോലെയാണ് കാണുന്നതെന്നും അവര്‍ അവഗണിക്കപെട്ടിരിക്കുകയാണെന്നും കൂട്ടിചേര്‍ത്തു. ഇതിലൊന്നും തങ്ങള്‍ ഭയപ്പെടില്ലെന്നും ഷാ ഓര്‍മിപ്പിച്ചു.

നസറുദ്ദീന്‍ ഷാ രൂക്ഷമായി പ്രതികരണം നടത്തിയത് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപറിന് നല്‍കിയ അഭിമുഖത്തിലാണ്.

Test User: