X

‘അമ്മ’യില്‍ സജീവമല്ലെന്ന് സുരേഷ് ഗോപി; പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് മുകേഷ്

തിരുവനന്തപുരം: നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാതെ നടനും എം.പിയുമായ സുരേഷ് ഗോപി. അമ്മയില്‍ സജീവമായിട്ടുള്ള വ്യക്തിയല്ല താനെന്ന് സുരേഷ്‌ഗോപി പറഞ്ഞു. ജനങ്ങളുടെ കാര്യമാണ് തന്റെ ശ്രദ്ധയിലുള്ളത്. അമ്മയുടെ കാര്യം അവര്‍ നോക്കിക്കോളുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മുകേഷും രംഗത്തെത്തി. നടിമാരുടെ രാജി വിഷയത്തില്‍ എം.എല്‍.എ കൂടിയായ മുകേഷിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷിനും ഗണേഷ് കുമാറിനുമെതിരെ മന്ത്രി ജി.സുധാകരനും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് പ്രതികരിച്ചത്. അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് മുകേഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും മുകേഷ് വ്യക്തമാക്കി.

അതേസമയം, വിഷയത്തില്‍ നടന്‍ പൃഥ്വിരാജും നിലപാട് വ്യക്തമാക്കി. ‘അമ്മ’യില്‍ നിന്നും രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് പൃഥ്വിരാജ് പറഞ്ഞു. ‘ദി വീക്ക്’ വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. താന്‍ നടിമാര്‍ക്കൊപ്പമാണെന്നും താരം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം പറയേണ്ടിടത്ത് പറയും. നടിമാരെ വിമര്‍ശിക്കുന്നവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ടാകാം. അതിനെ ആരും വിലവെക്കില്ല. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനപ്രകാരമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

chandrika: