കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം.എല്‍എയുമായ മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം ചെയ്യല്‍. നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നു സുനി. പിന്നീട് ദിലീപിന് നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം, നാദിര്‍ഷയേയും മാനേജര്‍ അപ്പുണ്ണിയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.
ദിലീപ് നായകനായ സൗണ്ട് തോമയുടെ ചിത്രീകരണസമയത്തും അമ്മയുടെ പരിപാരിക്കിടേയും മുകേഷിന്റെ ഡ്രൈവറായിരുന്നു സുനി. അന്നാണ് ദിലീപുമായി മുകേഷ് കൂടുതല്‍ അടുക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനാണ് ചോദ്യം ചെയ്യല്‍. കേസില്‍ എന്തെങ്കിലും തരത്തില്‍ മുകേഷിന് പങ്കുണ്ടോയെന്ന് അറിയാനാണ് ചോദ്യം ചെയ്യല്‍. എന്നാല്‍ വരുംദിവസങ്ങളിലായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. നേരത്തെ മുകേഷിനെ ചുറ്റിപ്പറ്റി ഊഹോപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് മുകേഷിനെ ചോദ്യം ചെയ്യുന്ന കാര്യങ്ങളിലേക്ക് അന്വേഷണംസംഘം എത്തുന്നത്.
അമ്മയുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളവത്തില്‍ മാധ്യമങ്ങള്‍ക്കുനേരെ മുകേഷ് പ്രകോപിതനായത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിലവില്‍ ഇടത് എം.എല്‍.എയായ മുകേഷിനോട് സംഭവത്തില്‍ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ ദിലീപിന്റെ അറസ്റ്റിനുശേഷം മാറിനിന്ന മുകേഷ് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.