കൊച്ചി: ഡബ്ല്യു.സി.സിയുടെ പരാതിയില്‍ തീരുമാനം എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം എടുക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കിയ തീരുമാനം തത്രപാടില്‍ എടുത്തതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. സംഘടന പിളരുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും പറഞ്ഞില്ല. വനിത അംഗങ്ങളടക്കം യോഗത്തില്‍ മൗനം പാലിച്ചു. ഇപ്പോള്‍ പ്രതിഷേധിച്ച ആരും അന്ന് എതിര്‍ത്തില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഈ മാസത്തിന്റെ അവസാനമോ അടുത്തമാസം ആദ്യമോ എക്‌സിക്യൂട്ടീവ് ഉണ്ടാവും. ഡബ്ല്യു.സി.സിലെ അംഗങ്ങള്‍ എഴുത്തയച്ചിട്ടുണ്ട്. 4 കാര്യങ്ങള്‍ പറഞ്ഞു. എക്‌സിക്യൂട്ട് കൂടിയ ശേഷം അവരെ എന്ന് വിളിക്കാം എന്ന് തീരുമാനിക്കും. അവര്‍ പറയുന്ന കാര്യങ്ങള്‍ എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യാം. ദിവസം അറിയിക്കാമെന്ന് ധാരണയിലെത്തിയിട്ടുണ്ടെന്നും– മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ദിലീപ് ‘അമ്മ’യ്ക്ക് പുറത്ത് തന്നെയാണ്. കുറ്റവിമുക്തനായാല്‍ ദിലീപിനെ തിരിച്ചെടുക്കും. നടിമാരായ ഭാവനയും രമ്യനമ്പീശനും മാത്രമാണ് രാജിക്കത്ത് നല്‍കിയത്. മറ്റാരുടേയും രാജിക്കത്ത് ലഭിച്ചിട്ടില്ല. രാജി നല്‍കിയവരെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ ജനറല്‍ബോഡിയാണ് തീരുമാനമെടുക്കേണ്ടത്. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന പരാതി നടി എഴുതിനല്‍കിയിട്ടില്ല. ജനറല്‍ബോഡിക്ക് ശേഷം വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത് തെറ്റാണ്. ഇന്ന് ചേര്‍ന്നത് എക്‌സിക്യൂട്ടിവ് യോഗം എന്ന് പറയാനാവില്ല. അടുത്ത നടപടികളെ കുറിച്ച് തീരുമാനിക്കാന്‍ നിലവില്‍ ലഭ്യമായ ആളുകളെ ചേര്‍ത്ത് യോഗം ചേര്‍ന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.