തിരുവനന്തപുരം : മലയാളത്തിലെ ഹാസ്യചക്രവര്‍ത്തി ജഗതിശ്രീകുമാറിനെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയുമായി കുടുംബാംഗങ്ങളും ഡോക്ടര്‍മാരും. ജഗതി ശ്രീകുമാര്‍ പഴയതു പോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജഗതിയുടെ മകന്‍ രാജ്കുമാറാണ് ഈ സന്തോഷവിവരം പങ്കുവച്ചത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതായി അഭിമുഖത്തില്‍ രാജ്കുമാര്‍ വ്യക്തമാക്കുന്നു.
‘ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍മാര്‍ വിളിക്കും. നല്ല ലക്ഷണമാണെന്നാണ് അവര്‍ പറയുന്നത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറയാറുണ്ട്. വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്പത്തേക്കാള്‍ പ്രസരിപ്പും ഉണ്ട്. സന്തോഷം ആണെങ്കിലും ദുഃഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ക്യാമറയുടെ മുന്നില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്’.
അതേസമയം ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ സിനിമാ അഭിനയജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ശരത് ചന്ദ്രന്‍ നിര്‍മിച്ച് സംവിധാനംചെയ്യുന്ന ‘കബീറിന്റെ ദിവസങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ സിനിമാ മേഖലയിലേക്കുള്ള തിരിച്ചുവരവ്. ഈ വര്‍ഷം മൂന്ന് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ‘ഒരു ഞായറാഴ്ച’ എന്ന ചിത്രം നിര്‍മിച്ചത് ശരത് ചന്ദ്രനായിരുന്നു.
മുരളിചന്ദ്, ഭരത്, റേച്ചല്‍ ഡേവിഡ്, സുധീര്‍ കരമന, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, ആദിയ പ്രസാദ്, സോന നായര്‍, നോബി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പി കെ ശ്രീകുമാര്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം ഉടന്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിലെ മനോഹരമായൊരു ഖവാലി ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഖ്വാജജീ എന്ന ഗാനമാണ് പുറത്തു വന്നത്.
മകന്‍ രാജ്കുമാറിന്റെ പരസ്യക്കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രീകരിച്ച പരസ്യത്തിലൂടെ അഭിനയരംഗത്തേക്ക് ജഗതി രണ്ടാംവരവ് നടത്തിയിരുന്നു. വാട്ടര്‍തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് അദ്ദേഹം അഭിനയിച്ചത്. ജഗതി ശ്രീകുമാര്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണെന്നും കൂടുതല്‍ വിവരം വൈകാതെ പുറത്തുവിടുമെന്നും രാജ്കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
2012 മാര്‍ച്ചില്‍ തേഞ്ഞിപ്പലത്തുണ്ടായ കാറപകടത്തിലാണ് ജഗതിക്ക് ഗുരുതരമായി പരിക്കേറ്റത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കു ശേഷമാണ് അദ്ദേഹം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ ജഗതിയുടെ തിരിച്ചുവരവിന് വേഗം കൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായും മകന്‍ രാജ്കുമാര്‍ വെളിപ്പെടുത്തിയിരുന്നു.