പുതിയ ചിത്രമായ കമ്മാരസംഭവത്തിലെ ലുക്ക് പിറന്നത് മൂന്നുമാസത്തെ സുനാമിയിലെന്ന് നടന്‍ ദിലീപ്. കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ദിലീപിന്റെ പരാമര്‍ശം. ജീവിതത്തിലെ മോശം സമയത്തും ഒപ്പം കൂടെ ഉണ്ടായതിന് മലയാളി പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് ദിലീപ് പറഞ്ഞു.
ഇത് തന്റെ രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണ്. പ്രേക്ഷകരെ വീണ്ടും കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നും ദിലീപ് പറഞ്ഞു. ‘5 വ്യത്യസ്ത ഗെറ്റപ്പിലാണ് കമ്മാരസംഭവത്തില്‍ എത്തുന്നത്. അതില്‍ 3 വേഷങ്ങളാണ് പ്രധാനം. ഈ സിനിമയുടെ ഷൂട്ടിങ് ഏറെക്കുറെ കഴിഞ്ഞിട്ടും താടിവച്ച ഗെറ്റപ്പിലുളള ഭാഗം ചിത്രീകരിച്ചിരുന്നില്ല. ഏതു തരത്തിലുളള ഗെറ്റപ്പ് വേണമെന്ന സംശയത്തെ തുടര്‍ന്നാണ് ചിത്രീകരണം വൈകിയത്. ആ സമയത്താണ് വലിയൊരു സുനാമിയില്‍പ്പെട്ട് 3 മാസക്കാലം പോയത്. ആ 3 മാസം കൊണ്ട് ഉണ്ടാക്കിയ താടിയാണ് സിനിമയിലെ ഒരു ഗെറ്റപ്പിലുളളത്’; ദിലീപ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുന്‍പേ രതീഷ് അമ്പാട്ട് ഈ സിനിമയുടെ കഥ പറഞ്ഞിരുന്നു. പക്ഷേ ചില കാരണങ്ങളാല്‍ അത് വൈകി. കമ്മാരസംഭവം ഞാനാണ് ആദ്യം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ ചില കാരണങ്ങളാല്‍ അത് എനിക്ക് ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെയാണ് ഗോകുലം ഗോപാലനെ സമീപിക്കുന്നത്. അദ്ദേഹം സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായി. സിനിമയുടെ ഷൂട്ടിങ് തുടങ്ങി നിര്‍മ്മാതാവ് 10 കോടി രൂപ ചെലവാക്കി കഴിഞ്ഞ സമയത്താണ് എന്റെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായത്. സംവിധായകന്‍ രതീഷ് അമ്പാട്ട് എന്തു ചെയ്യണമെന്ന് അറിയാതിരുന്ന സമയത്ത് ഞാന്‍ തിരിച്ചുവരുന്നതുവരെ കാത്തിരിക്കാമെന്ന് നിര്‍മ്മാതാവ് പറഞ്ഞു. ആ നല്ല മനസിന് ഒരുപാട് നന്ദിയുണ്ടെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.