X

ദിലീപിന്റെ അടിയന്തിര ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; വ്യാഴാഴ്ച വാദം കേള്‍ക്കും

കൊച്ചി: നടിയെ ആക്രമിച്ച് കേസില്‍ റിമാന്റിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. തനിക്കെതിരെ തെളിവുകളില്ലെന്നും അറസ്റ്റ് സംശയത്തിന്റെ ഭാഗമായാണെന്നും കാട്ടി അടിയന്തിര പരിഗണനയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയാണ് കോടതി തള്ളിയത്.

ഉച്ചയ്ക്ക് 1.45-നാണ് ജാമ്യഹര്‍ജി കോടതിക്കു മുന്നില്‍ എത്തിയത്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്. തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. ജാമ്യം അടിയന്തരമായി പരിഗണിക്കണമെന്നും ദിലീപിനായി സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ന് തന്നെ ജാമ്യഹര്‍ജി പരിഗണിക്കണമെ പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

അതേസമയം വ്യാഴാഴ്ച ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ അപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അവസരമുണ്ട്. അതിനു ശ്രമിക്കാതെയാണ് പ്രതിഭാഗം ഹൈക്കോടതിയെ നേരിട്ടു സമീപിച്ചത്.

എന്നാല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇരക്ക് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കേസിനെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. പ്രതിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വിഷയം പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പ്രതിഭാഗം ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ എതിര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ജാമ്യ ഹര്‍ജി എതിര്‍ത്ത് പോലീസ് എതിര്‍ സത്യവാങ്മൂലം നല്‍കും. കേസ് ഡയറിയുള്‍പ്പെടെയുള്ളവ ഹാജരാക്കി റിമാന്‍ഡ് കാലാവധി നീട്ടിക്കാനാണ് പൊലീസിന്റെ നീക്കം.

chandrika: