കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് റിമാന്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി കോടതി വിധി പറയാന്‍ മാറ്റിവെച്ചു.
അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം അഭിഭാഷകന്‍ കെ രാംകുമാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്ത ദിലീപിന്റെ അറസ്റ്റ് മതിയായ തെളിവുകളില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനായി കെ രാംകുമാര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ അന്തിമ റിപ്പോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കുമ്പോഴും ദിലീപ് പ്രതിയായിരുന്നില്ല. സിനിമാ ജീവിതം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ദിലീപ് പരാതി നല്‍കിയതിനു പിന്നാലെയാണ് നടനെതിരെ പൊലീസ് തിരിഞ്ഞത്. കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ രാംകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ദിലീപിന്റെ അഭിഭാഷകന്‍ കെ രാംകുമാറിന്റെ വാദം ഇങ്ങനെ…
- ബ്ലാക്‌മെയില്‍ ചെയ്യുന്നതായ ദിലീപിന്റെ പരാതി പൊലീസിന്റെ നിര്‍ദേശപ്രകാരം.
- പ്രതി സുനില്‍കുമാറുമായി കൂടിക്കാഴ്ച നടത്തിയതു കൊണ്ടുമാത്രം അത് കേസിലെ ഗൂഢാലോചനയാകില്ല.
- കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ ഗൂഢാലോചനയാകൂ.
- പൊലീസ് പറയുന്ന ഗൂഢാലോചനകള്‍ക്ക് തെളിവില്ല.
- സുനിയും ദിലീപും തമ്മില്‍ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാന്‍ സാക്ഷികളില്ല.
- കുറ്റവാളി കൂടിയായ പള്‍സര്‍ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ല.
- ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ വാദങ്ങള്‍ക്കു തെളിവില്ല.
- വന്‍ പണമുടക്കില്‍ നിര്‍മാണത്തിലിരിക്കുന്ന നിരവധി സനിമകള്‍ ദിലീപിന് പൂര്‍ത്തിയാക്കാനുണ്ട്.
- ജാമ്യത്തില്‍ ഇറങ്ങിയാലും എപ്പോള്‍ വേണമെങ്കിലും അന്വേഷണവുമായി സഹകരിക്കും.
- നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല.
- റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ദിലീപിന്റെ ജീവനക്കാര്‍ക്കെതിരെ മാത്രമാണ്.
- ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
- ഇനിയും ജയിലില്‍ തുടരേണ്ട സാഹചര്യമില്ല.