കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നിഷേധിച്ച കോടതി ദിലീപിനെതിരെ നിര്‍ണായകമായ നിരീക്ഷണങ്ങളാണ് നടത്തിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൂക്ഷമമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അപൂര്‍വ്വവും ഗുരുതരവുമായ കുറ്റകൃത്യം, ഇതില്‍ ദിലീപിനെതിരെ വ്യക്തമായ സാഹചര്യ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. ഒളിവില്‍ പോയ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്നും, കേസിലുള്‍പ്പെട്ട അഭിഭാഷകനെ ചോദ്യം ചെയ്യണമെന്നും കോടതി പറഞ്ഞു. സ്ത്രീക്കെതിരെ ക്രൂരമായ കുറ്റകൃത്യം നടന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ ഇരയുടെ ജീവനുപോലും ഭീഷണിയാണ്. സിനിമാമേഖലയിലുള്ളവരാണ് കേസിലെ സാക്ഷികളിലധികവും. ജാമ്യം കിട്ടി പുറത്തുപോയാല്‍ അവരെ സ്വാധിനിക്കാന്‍ ദിലീപ് ശ്രമിക്കും. നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. ദൃശ്യങ്ങള്‍ പുറത്തുപോയാല്‍ പ്രത്യാഘാതം വലുതാകുമെന്നും പ്രതിയുടെ ഉദ്ദേശലക്ഷ്യം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചുവെന്നും കോടതി പറഞ്ഞു.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ ദിലീപ് റിമാന്‍ഡില്‍ തുടരും. അതേസമയം, ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യത വിരളമാണ്. കാത്തിരുന്ന് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.